കാളവണ്ടി
ഇത് രേണുക
നഗരത്തില്‍ നിന്നും പുതുതായി ക്ലാര്‍ക്ക് തസ്തികയില്‍ പോസ്റ്റ് ഓഫീസില്‍ നിയമനം കിട്ടിവന്ന
പെണ്‍കുട്ടി. നഗരപരിഷ്ക്കാരത്തിന്റെ അല്‍പസ്വല്‍പം ജാഡകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍
എല്ലാവരും സമ്മതിക്കും ഇവളൊരു നല്ലപെണ്‍കുട്ടി എന്ന്. ആദ്യത്തെ ഒരാഴ്ച ടൗണിലെ ലേഡീസ്
ഹോസ്റ്റലില്‍ ആയിരുന്ന അവള്‍ പിന്നീട് പോസ്റ്റാഫീസിനടുത്തുള്ള ഒരു വീട്ടില്‍
പേയിങ് ഗസ്റ്റ് ആയിട്ടു കേറി.
രാവിലെ പോസ്റ്റോഫീസിലേക്ക് ഇറങ്ങാനുള്ള
ഒരുക്കത്തിലാണ് രേണുക. ഒരുപത്തിരുപത് വയസ്സ് കാണുമായിരിക്കും അവള്‍ക്ക് പാകത്തിനു
വണ്ണം, നല്ല ശരീരവടിവ്, ചുരുണ്ട് ഇടതൂര്‍ന്ന മുടി, ഉയരം കുറവാണോ? ഏയ്, അല്ല. അത്യാവശ്യത്തിന് പൊക്കം ഉണ്ടിവള്‍ക്ക്. അന്നവള്‍ വെള്ളയില്‍ റോസ് പുള്ളികളുള്ള
ഒരു നൈലോണ്‍ സാരിയും മാച്ചിങ് റോസ് ബ്ലൗസുമാണ് ഇട്ടത്. നല്ല പാകത്തിന് തയ്പിച്ചിരിക്കുന്ന ബ്ലൗസ്. ഇട്ടടിച്ചപോലുണ്ട്.
സിനിമയിലെയും വാരികകളിലേയുമൊക്കെയുള്ള മാറിമാറി വരുന്ന ബ്ലൗസ് ഡിസൈന്‍സ് വരച്ച്
അതേ മോഡലില്‍ തയ്യല്‍ക്കാരനെകൊണ്ട് തയ്പിച്ചിടാന്‍ അവള്‍ക്കൊരു പ്രത്യേകതാല്‍പര്യമാണ്.
ഇന്നത്തെ ബ്ലൗസും അത്തരത്തില്‍ തയ്പിച്ചെടുത്തതാണ്. കൈമുട്ടുകള്‍ കഴിഞ്ഞും നീണ്ടു
കിടക്കുന്ന കൈയിറക്കം പിന്‍ കഴുത്ത് വെള്ളയും റോസും തുണി ഇടകലര്‍ത്തി ഒരു
പായമെടച്ചില്‍ ശൈലിയില്‍ ഭംഗിയാക്കിയിരിക്കുന്നു. അവള്‍ ഒരുക്കങ്ങള്‍ എല്ലാം
കഴിഞ്ഞ് നിലകണ്ണാടിക്കുമുന്നില്‍ പുറം തിരിഞ്ഞ് നിന്നു. കൈയില്‍ പിടിച്ചിരിക്കുന്ന
ചെറിയ കണ്ണാടിയിലൂടെ പിന്‍കഴുത്തിന്റെ ഭംഗി ഉറപ്പുവരുത്തി. വീട്ടുകാരി ജയച്ചേച്ചി
നിറച്ചു കൊടുത്ത ചോറ്റുപാത്രം ഹാന്റ് ബാഗിലേക്ക് എടുത്ത് വച്ച് കുടയും എടുത്ത്
ഒരിക്കല്‍ കൂടി കണ്ണാടിയില്‍ മുഖഭംഗി ആസ്വദിച്ചശേഷം അകത്തേക്കു നോക്കി വിളിച്ചു
പറഞ്ഞു. ജയച്ചേച്ചീ, ഞാന്‍ ദാ, ഇറങ്ങ്യാണേ.
രേണുക ഒരുങ്ങി ഇറങ്ങുന്നതു കാണാന്‍
ജയന്തിക്കിഷ്ടമാണ്. ഒരു പ്രത്യേകഭംഗിയാണവള്‍ക്ക്. ജയന്തി ഉമ്മറത്തെത്തുമ്പോള്‍
അവള്‍ പടിക്കലേക്ക് നടന്നു തുടങ്ങീരുന്നു. നീണ്ടു കിടക്കുന്ന ചുരുളന്‍മുടി
കുളിപ്പിന്നല്‍ പിന്നി തുമ്പത്ത് മാച്ചിങ് ബണ്ണുമിട്ട് ഒരു പ്രത്യേകതാളത്തില്‍
അവള്‍ നടന്നു നീങ്ങുന്നു. നടത്തത്തിന്റെ താളത്തിനനുസരിച്ച് പനങ്കുലകെട്ടിവച്ചപോലുള്ള മുടിത്തുമ്പും
ആടുന്നുണ്ടായിരുന്നു. പടി കടന്ന് അവള്‍ ഇടവഴിയിലേക്ക് കയറി ധൃതിവെച്ച് നടന്നു.
ഒരു
പത്തുപതിനഞ്ചു മിനിട്ട് ആ ഇടവഴിയിലൂടെ നടന്നെങ്കിലേ ടാറിട്ട റോഡെത്തൂ. അവള്‍ നടത്തത്തിന്റെ വേഗം പിന്നേയും കൂട്ടി.
ഒരഞ്ചുമിനിട്ട് കഴിഞ്ഞു കാണില്യ, പിന്നില്‍ മണികിലുക്കവും കടകടശബ്ദവും കേട്ട് അവള്‍
തിരിഞ്ഞു നോക്കി. അയലത്തെ വെളുത്ത് കിളിക്കൂട് മുടി സ്റ്റൈലും ഒക്കെ വച്ച
കട്ടിമീശക്കാരന്‍ ശൃംഗാരവേലന്‍. ഇയാളിതെന്തുദ്ദേശിച്ചാ! കാളകളുടെ മൂക്കുകയര്‍
ഒന്ന് മുറുക്കി ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി അവയെ ഓടിപ്പിക്കാന്‍ നോക്കുന്നതു
കണ്ട് അവള്‍ കരുതി.
അതാ അവറ്റകള്‍ കൊമ്പും കുലുക്കി ഓടി വരുന്നു.
ഒതുങ്ങിനിന്നുകൊടുക്കാംന്നുവെച്ചാല്‍ കഷ്ടി ആ കാളവണ്ടിക്ക് കടന്നു പോകാനുള്ള
വീതിയേ ആ വഴിക്കുള്ളു. രണ്ടു വശത്തും കുറ്റിചെടികളാണ്. ആ കാളകളുടെ
കൊമ്പുകണ്ടപ്പോഴേ അവളുടെ ചങ്കിടിച്ചു. അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നു. അവളുടെ
പേടിയും വെപ്രാളവും അയാളെ ഹരം പിടിപ്പിച്ചു. അയാള്‍ കാളവണ്ടിയുടെ വേഗം കൂട്ടികൊണ്ടേ
ഇരുന്നു. രേണുക ഓടാന്‍ തുടങ്ങീരുന്നു. കാളകള്‍ അവളെ തൊട്ടുതൊട്ടില്ല എന്നമട്ടില്‍
പിറകെ ഉണ്ട്.
അവള്‍ പേടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു. എന്തിനാ ഈശ്വരാ! എന്നെ ഇങ്ങനെ
ഉപദ്രവിക്കണെ, ദയവുചെയ്ത് ആ കാളകളെ ഒന്ന് നിര്‍ത്ത്വോ? അയാള്‍ അതൊന്നും
കേട്ടമട്ടുവെച്ചില്ല. വല്യജാഡക്കാരിയായിരുന്നല്ലോ? നമ്മളെയൊക്കെ വെറും ഓണംകേറാമൂലക്കാര്‍
എന്നഭാവത്തിലല്ലേ നോക്കീരുന്നെ. ഇപ്പൊ എന്താ... ഒരു കെഞ്ചല്? വേണ്ട മോളെ.... നിന്നെ
ഞാനിന്നാ ടാറിട്ട റോഡ് വരെ ഓടിക്കും. നോക്കിക്കൊ! അയാള്‍ മനസ്സില്‍ പറഞ്ഞു.
ഒരു
കൂസലും ഇല്യാതെ അയാള്‍ വീണ്ടും വണ്ടി പായിച്ചു. അവള്‍ തിരിഞ്ഞു
നോക്കികൊണ്ടായിരുന്നു ഓടിയത്. കൊമ്പും കുലുക്കി ഓടിയടുക്കുന്ന കാളകളെ
തൊട്ടടുത്ത് കണ്ട ഭയം കൊണ്ട് തലചുറ്റിയതോ കുറച്ചു നേരം ഓടിയതിന്റെ തളര്‍ച്ചകൊണ്ട്
കാലിടറിയതോ എന്തോ അയാള്‍ നോക്കുമ്പോള്‍ അവള്‍ കുഴഞ്ഞ് വീഴുന്നതാണ് കണ്ടത്. അയാളുടെ
മുഖത്തെ ചിരിമാഞ്ഞു. ഒറ്റ വലിക്ക് അയാള്‍ കാളവണ്ടി ബ്രേക്കിട്ടപോലെ നിര്‍ത്തി, ചാടി
വണ്ടിയില്‍ നിന്നും ഇറങ്ങി.
അവള്‍ ആ ചെമ്മണ്ണില്‍ വീണ് കിടക്കുകയാണ്. ഏയ്! കുട്ടീ,
എനീക്കൂട്ടൊ. ഇല്യ. കക്ഷി അനങ്ങുന്നില്ല. അയാള്‍ക്ക് ഭയമായി. അടുത്തെങ്ങും
സഹായത്തിനു വിളിച്ചാല്‍ കേള്‍ക്കാന്‍ പോലും ആരുമില്ല. ശ്ശെടാ! മെനക്കേടായീലൊ. ഈ
പെണ്ണിത്രതൊട്ടാവാടിയാണെന്ന് ഞാനറിഞ്ഞോ? ആ ജാഢേം ഭാവവും ഒക്കെ കണ്ടപ്പൊ ഞാന്‍
വിചാരിച്ചത് ആളൊരു ഝാന്‍സി റാണിയാണെന്നല്ലേ? അയാളവളെ വീണ്ടും നോക്കി. വീണിതല്ലോ
കിടക്കുന്നു ധരണിയില്‍! എന്നമട്ടില്‍ വിളറി ചോരരാശി തീര്‍ത്തും ഇല്ലാതെ അവള്‍ കിടന്നു.
പാടത്ത് പണിക്കാര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ കാളവണ്ടിയില്‍ കരുതിവച്ചിരുന്ന
വെള്ളകുപ്പിയില്‍ നിന്നും ഒരല്‍പം വെള്ളമെടുത്ത് അയാള്‍ അവളുടെ മുഖത്ത് തളിച്ചു.
അവള്‍ പതുക്കെ മിഴികള്‍ തുറക്കാന്‍ ശ്രമിച്ചു. അയാള്‍ക്കാശ്വാസമായി.
ഹൊ! ഒന്നും പറ്റിയിട്ടില്ലല്ലോ. സമാധാനമായി. അവള്‍ വീണുകിടക്കുന്നിടത്തുനിന്നും
പതിയെ എഴുന്നേറ്റിരുന്നു. സാരി മൊത്തം ചെങ്കല്ലുപൊടിയാണ് അവള്‍ക്കെന്തോപോലെ തോന്നി.
ഇരുന്നിടത്തുനിന്നും എണീക്കാന്‍ നോക്കി. പറ്റുന്നില്ല. വീഴ്ചയില്‍ കാലിനെന്തോ
ഉളുക്ക് പറ്റീതാന്നാ തോന്നണെ. അവള്‍ ഒരു സഹായത്തിനായി അയാളെ നോക്കി. അത്
കണ്ടിട്ടാവണം അയാള്‍ ചോദിച്ചു. എന്തേ? എണീക്കാന്‍ പറ്റണില്ലേ? അവള്‍ക്കു ദേഷ്യം
വന്നു. ഇതെല്ലാം വരുത്തിവച്ചതും പോരാ എന്താ എണീക്കാന്‍ പറ്റണില്ലേത്രെ? അവള്‍ക്കു ദേഷ്യം
വരുന്നതുകാണാന്‍ അയാള്‍ക്കെന്തോ ഒരു രസം തോന്നി. അയാള്‍ അവള്‍ക്കു
പിടിച്ചെണീക്കാന്‍ കൈ നീട്ടികൊടുത്തു. അവളാ കൈകളില്‍ പിടിച്ചെണീറ്റു.
അവര്‍
പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി. അതുവരെ ഉണ്ടായിരുന്ന ദേഷ്യം തിരിച്ചറിയാനാവാത്ത
മറ്റെന്തോ ഭാവമായി മാറുന്നത് അവരറിഞ്ഞു. നടക്കാന്‍ അവള്‍ക്കു
ബുദ്ധിമുട്ടുണ്ടായിരുന്നു. വണ്ടിയില്‍ കേറിക്കോളൂ. ഞാന്‍ തിരിച്ച് വീട്ടില്‍
കൊണ്ടുവിടാം. ഇന്നിനി പോസ്റ്റ് ഓഫീസില്‍ പോവാന്‍ നിക്കണ്ട. റസ്റ്റ്
എടുത്തോളൂട്ടോ. അയാള്‍ അവളെ താങ്ങി എടുത്ത് കാളവണ്ടിയിലേക്ക് കയറ്റുമ്പോള്‍ പറഞ്ഞു.
അവള്‍ അയാളെ തന്നെ നോക്കിക്കൊണ്ടു സമ്മതം മൂളി. ഒരല്പം മുന്നേ തന്നെ ഇത്രയേറെ
കഷ്ടപെടുത്തിയ ആളുതന്നെയല്ലേ ഇത്? അയാളുടെ ആ കരുതലും സ്നേഹവും കണ്ട് അവള്‍ക്കു
വല്ലാത്ത ഒരു ആത്മബന്ധം അവര്‍ക്കിടയില്‍ ഉടലെടുത്ത പോലെ തോന്നി.
അവളെ വണ്ടിയില്‍
കയറ്റി അയാള്‍ ടാറിട്ട റോഡ് വരെ വണ്ടി ഓടിച്ച് അവിടെച്ചെന്ന്‍ വണ്ടിതിരിച്ച്
ഇടവഴിയിലേക്ക് വീണ്ടും ഇറക്കി. ഇപ്പോ അയാള്‍ കാളയെ ഓടിക്കുന്നേ ഇല്ല. കാളകള്‍
പരിചിതമായ വഴിയിലൂടെ ആരും തെളിക്കാതെ തന്നെ നടന്നുകൊണ്ടിരുന്നു. അവര്‍ പരസ്പരം
നോക്കിക്കോണ്ട് മറ്റേതോ ലോകത്തിലായിരുന്നു.
കാളവണ്ടി നിന്നതോ അയാളുടെ അമ്മയും
ഏടത്തിമാരും ചുറ്റും വന്നു നിന്നതോ ഒന്നും അവരറിഞ്ഞില്ല. ഡാ! ഇതാ ജയേടെ വീട്ടില് താമസിക്കണ കുട്ടിയല്ലേ? ഈ കൊച്ചെന്താ നിന്‍റെ
വണ്ടീല്? എടാ സുധാകരാ! നിന്നോടാ ചോദിച്ചേ. അമ്മയുടെഉറക്കെയുള്ള ചോദ്യം അവരെ സ്വപ്നലോകത്തില്‍ നിന്നുണര്‍ത്തി.
അവള്‍ക്കു വല്ലാത്ത ജാള്യത തോന്നി. പക്ഷെ അയാള്‍ക്ക് ഒട്ടും ചാഞ്ചല്യം
ഇല്ലായിരുന്നു. എല്ലാവര്ക്കും മുന്നില്‍ വെച്ച് അയാള്‍ അവളെ കാളവണ്ടിയില്‍ നിന്നും എടുത്തിറക്കി.
ഏടത്തിമാര്‍ക്ക് നാണം തോന്നി. എടാ, ചെക്കാ! നീയിതെന്തിനുള്ള പുറപ്പാടാ? ഒന്നുല്യാ അമ്മെ, ഇതാണ് അമ്മേടെ
പുതിയ മരുമകള്. എങ്ങനെണ്ട്? കൊള്ളാമോ? അവളേം എടുത്ത് പിടിച്ച് അമ്മേടെ
തൊട്ടുമുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തീട്ട് അയാള്‍ ചോദിച്ചു.
സ്വന്തം മോന്‍റെ ഒരിഷ്ടത്തിനും
എതിരു നില്‍ക്കാത്ത ആ അമ്മ അവളെ തന്നോട് ചേര്‍ത്ത് പിടിച്ചു. അവള്‍ ആ
അമ്മയുടെ കറയില്ലാത്ത സ്നേഹത്തിനു
മുന്നില്‍ തലകുനിച്ചു. അങ്ങനെ നഗരപരിഷ്ക്കാരി രേണുകാ മേനോന്‍ ഓണം കേറാമൂലക്കാരന്‍
സുധാകരന് സ്വന്തം!
ഒരു കാളവണ്ടി തന്ന സമ്മാനം! അയാള്‍ തന്‍റെ കാളകുട്ടന്മാരെ നന്ദിയോടെ നോക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ