2014, നവംബർ 10, തിങ്കളാഴ്‌ച

ചെമ്പരത്തിതാളി

അമ്മ കുളിക്കാന്‍ കയറുന്നതും നോക്കി ഒന്നും അറിയാത്തപോലെ അവള്‍ ഒരു പൂമ്പാറ്റയും വായിച്ച് വടക്കോറത്തെ തിണ്ണയില്‍ ഇരുന്നു. ഈ അമ്മയെന്താ ഇനിയും കുളിക്കാന്‍ കേറാത്തെ? എത്രനേരായി ഒരുക്കങ്ങള്‍ തുടങ്ങീട്ട് തലയിലും കൈകാലുകളിലും എണ്ണ ഒഴുക്കിട്ട് തേച്ചുപിടിപ്പിച്ചിട്ടും എന്തോ തൃപ്തി വരാത്തതുപോലെ അമ്മ വീണ്ടും വീണ്ടും തേച്ചു പിടിപ്പിച്ചു കൊണ്ടിരിക്കുന്നു. അല്ലാ, അമ്മയെ കുറ്റം പറഞ്ഞൂട. എന്നും രാവിലെ വീട്ടുജോലികളും തീര്‍ത്ത് സ്ക്കൂളിലേക്കോടുമ്പൊ ഒരുകാക്കകുളിയല്ലേ നടത്താന്‍ പറ്റാറുള്ളു. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ എന്ന മട്ടില്‍ തന്നെയാണ് ഈ കുളിയൊരുക്കം. അവളുടെ ക്ഷമ നശിച്ചു തുടങ്ങീരുന്നു. ഹൊ! ആശ്വാസം അതാ അമ്മ കറുത്തിരുണ്ട് നീണ്ടുകിടക്കുന്ന ആ ചുരുളന്‍ മുടി എണ്ണതേപ്പവസാനിപ്പിച്ച് നിറുകയില്‍ ഉയര്‍ത്തി കെട്ടിവച്ചു.

ഇപ്പൊ കേറുമല്ലോ അമ്മ കുളിക്കാന്‍!  അവള്‍ സന്തോഷിച്ചു. എവിടെ! അവളുടെ സന്തോഷത്തിനു വിഘ്നം വരുത്തികൊണ്ട് അമ്മ നീട്ടി വിളിച്ചു. മോളേ.... ഇങ്ങുവാ എണ്ണതേപ്പിക്കട്ടെ. ഒരാഴ്ചയായി മേത്ത് എണ്ണതേച്ചിട്ട്. അവള്‍ അക്ഷമ പുറത്ത് കാണിക്കാതെ വേഗം അമ്മ വിളിച്ചിടത്തേക്ക് ചെന്നു. അമ്മ തലയിലും മേത്തും എണ്ണതേച്ചുപിടിപ്പിച്ചു.ഇനി നീ പോയി വേലിക്കല്‍ നിന്നും കുറച്ച് ചെമ്പരത്തിയില പൊട്ടിച്ചോണ്ടു വന്നെ. അവള്‍ കേട്ടപാതി കേള്‍ക്കാത്തപാതി ഓടി. അതുകിട്ടാഞ്ഞിട്ട് അമ്മ കുളിക്കാന്‍ കേറാന്‍ വൈകണ്ട. ഞൊടിയിടക്കുള്ളില്‍ അവള്‍ പത്തിരുപത് ചെമ്പരത്തിയിലകളുമായി തിരിച്ചെത്തി.


അമ്മ അതും വാങ്ങി കുളിമുറിയിലേക്ക് നടക്കും വഴി അവള്‍ക്കൊരു താക്കീത് കൊടുക്കാന്‍ മറന്നില്ല.ദേ, നോക്ക്.... എണ്ണതേച്ചിട്ടുള്ളതാ ഞാനങ്ങോട്ട് കുളിക്കാന്‍ കേറ്യാല്‍ ആ ചെറുക്കന്‍മാരുടെ കൂടെ ഈ ഷിമ്മീസും ഇട്ട് കാടോടി നടന്നാലുണ്ടല്ലോ.ങാ...ഞാന്‍ പറഞ്ഞേക്കാം.വെല്ലിച്ഛന്‍മാരുടെ മക്കളെ ഉദ്ദശിച്ചാണ് അമ്മ അതു പറഞ്ഞത്.അവളൊത്തിരി മറക്കാന്‍ ശ്രമിച്ചിട്ടും ആ അക്ഷമ അമ്മയ്ക്ക് മനസ്സിലായി എന്നുസാരം.ഇല്യമ്മെ, ഞാന്‍ എങ്ങ്ട്ടും പോവില്യ. ദേ ഈ തിണ്ണേമ്മെ ഇരുന്ന് പുസ്തകം വായിക്ക്യേ ഉള്ളു. ങും....തലേല് വെയിലുകൊണ്ട് വിയര്‍ത്ത് വെള്ളം ഇറങ്ങ്യാ നീരുവീഴ്ചവരും അത്രേള്ളു. എന്റെ കുളികഴിഞ്ഞാ ഞാന്‍ വിളിക്കും അപ്പൊ വന്ന് കുളിക്കാന്‍ കേറണം. കേട്ടല്ലോ? ഉവ്വമ്മേ,കേട്ടു. തിണ്ണയില്‍ ഇരുന്നുകൊണ്ട് അവള്‍ പറഞ്ഞു .അമ്മക്കത്ര വിശ്വാസം വന്നിട്ടൊന്നുമില്ലായിരുന്നു.എങ്കിലും അമ്മ നേരെ കുളിമുറിയിലേക്ക് നടന്നു.

അമ്മ കതകടച്ചിരിക്കുന്നു. ഇപ്പോള്‍ അവള്‍ കാതോര്‍ത്തു.ഇല്യ. വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നില്യല്ലോ.അല്‍പനേരത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മകുളിതുടങ്ങിയെന്ന് സ്ഥിതീകരിച്ചശേഷം അവള്‍ പതിയെ തിണ്ണമേല്‍ നിന്നിറങ്ങി.ഒരു പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി അടുക്കളയില്‍ പ്രവേശിച്ചു. ഷെല്‍ഫിന്റെ ഏറ്റവും മുകളിലെ തട്ടില്‍ തന്നെ കാണിക്കാതെ അമ്മ ഒളിച്ചു വച്ചിരിക്കുന്ന ഒരു സാധനം അമ്മയറിയാതെ എടുക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.

ശ്വാസം അടക്കിപിടിച്ച് ശബ്ദമുണ്ടാക്കാതെ ഊണുമുറിയില്‍ നിന്നും അവളൊരു കസേര എടുത്തുപൊക്കി അടുക്കളയിലെ ഷെല്‍ഫിനടുത്ത് കൊണ്ടുവന്ന് വച്ചു. വളരെ ശ്രദ്ധിച്ച് അവളാ കസേരക്കുമുകളില്‍ കേറി. അതാ ഇരിക്കുന്നു തന്റെ ഫേവറൈറ്റ് പാല്‍പൊടി .

അവള്‍ അതുമെടുത്ത് കസേരയില്‍ നിന്നിറങ്ങി.അമര്‍ത്തി അടച്ചു വച്ചിരിക്കുന്ന ടിന്‍. അവള്‍ ഒരു സ്പൂണ്‍ എടുത്തു. ടിന്നിന്റെ മൂടിക്കിടയില്‍ വെച്ച് അമര്‍ത്തി ശരിക്കും ബലം എടുക്കേണ്ടി വന്നു.ടിക്ക്! ഒരു പ്രത്യേകശബ്ദത്തോടെ അതു തുറന്നു. അവള്‍ ചെവിവട്ടം പിടിച്ചു.ഇല്യ,കുളിമുറിക്കകത്ത് വെള്ളം തകൃതിയായി വീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.തുറന്ന ടിന്നിലേക്ക് അവള്‍ കൊതിയോടെ നോക്കി. ക്രീം കളറില്‍ നല്ല നനുനനുത്ത പാല്‍പൊടി. അവള്‍ക്കുവായില്‍ വെള്ളം വന്നു. ഉള്ളതില്‍ ഏറ്റവും വലിയ സ്പൂണ്‍ തന്നെ തെരഞ്ഞു പിടിച്ച് അവള്‍ ആര്‍ത്തിയോടെ ഒരു സ്പൂണ്‍ പാല്‍പൊടി  കോരി വായിലേക്കിട്ടു. ഹൊ!എന്തൊരു സ്വാദ്! അവളതുവായിലിട്ടു നുണഞ്ഞിറക്കി. അതുതീര്‍ന്നതും ഇപ്പൊ അമ്മ വരുമല്ലോ എന്ന പിടപ്പോടെ അവള്‍ തല ഉയര്‍ത്തി മച്ചിലേക്ക് നോക്കി വായ കഴിയുന്നത്ര തുറന്ന് പിടിച്ച് ഒന്നിനു പിറകെ ഒന്നായി നാലഞ്ച് വലിയസ്പൂണ്‍ നിറയെ പാല്‍ പൊടി ആക്രാന്തതത്തോടെ വായിലേക്ക് തട്ടി. വായനിറച്ചും പാല്‍പൊടി. അവള്‍ നാവനക്കി നുണയാന്‍ നോക്കി. എവിടെ! നാവനക്കാന്‍ പറ്റുന്നില്ല. ഉമിനീരും പാല്‍പൊടിയും ചേര്‍ന്നങ്ങ് സെറ്റായിപ്പോയി.അവള്‍ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.മിണ്ടാനും പറ്റുന്നില്ല .കുളിമുറിയില്‍ നിന്നും അതാ അമ്മയുടെ വിളികേള്‍ക്കുന്നു.ദാ വരണു അമ്മെ.അവള്‍ പറയാന്‍ ആവതു ശ്രമിച്ചു.ഇല്യ... ശബ്ദം പുറത്തു വരുന്നില്ല.അവള്‍ക്കുകരച്ചില്‍ വന്നു.ശ്വാസം മുട്ടി കണ്ണുകള്‍ പുറത്തേക്ക് തുറിച്ച് അവള്‍ അടുക്കളതറയില്‍ ചുമരും ചാരി തളര്‍ന്നിരുന്നു.

അമ്മ വിളിച്ച് വിളിച്ച് മടുത്ത് ദേഷ്യം വന്ന് ചവിട്ടികുത്തി അകത്തേക്ക് കേറിവരുന്നതവള്‍ അറിയുന്നുണ്ടായിരുന്നു.അവള്‍ ഭയവും ആവലാതിയും ശ്വാസംമുട്ടലും ഒക്കെ കൂടെ വല്ലാത്ത ഒരു അസ്വസ്ഥതയോടെ അടുക്കളയുടെ ഒരു മൂലയിലേക്ക് ഒതുങ്ങാന്‍ കാലൊതുക്കിയതും, അവളുടെ കാലുതട്ടി കസേരതാഴെ വീണതും ഒന്നിച്ചായിരുന്നു. അമ്മ ശബ്ദം കേട്ട് അടുക്കളയിലേക്ക് ഓടിക്കേറി വന്നു. 

അവളുടെ അവസ്ഥ കണ്ട് അമ്മക്ക് വെപ്രാളമായി.അമ്മ ഒച്ച വക്കാന്‍ തുടങ്ങി.എന്താ നീ ചെയ്ത് വച്ചേക്കണെ കുട്ടി!!! ഒന്നുകില്‍ എറക്കാന്‍ നോക്ക് അല്ലെങ്കില്‍ തുപ്പാന്‍ നോക്ക്. അവള്‍ കണ്ണും തുറുപ്പിച്ച് രണ്ടും പറ്റണില്യാന്ന് ആംഗ്യം കാട്ടി. അമ്മ അവിടിരുന്ന സ്പൂണ്‍ കൊണ്ട് വായ്ക്കകത്ത് തോണ്ടി കട്ടപിടിച്ച പൊടി പുറത്തെടുക്കാന്‍ നോക്കുമ്പോഴാണ് അമ്മേടെ ബഹളം വയ്പുകേട്ട് അടുത്ത വീട്ടിലെ അമ്മായി ഓടിവന്നത്. അവരെ കാണുന്നതേ അവള്‍ക്ക്  പേടിയാ.

പൂച്ചകണ്ണുള്ള എപ്പോഴും ഒരു കറുത്ത കമ്പിളീം പുതച്ച് നടക്കുന്ന ഒരമ്മായി! അവരു വന്നതും അവളെ കണ്ട് അമ്മോട് ചോദിച്ചു. നേന്ത്രപഴം ഇരിപ്പുണ്ടോ കുട്ട്യേ ഇവിടെ? അമ്മ വേഗം അവിടിരുന്ന ഒരു നേന്ത്രപഴം എടുത്തവര്‍ക്കുകൊടുത്തു. അവരതിന്റെ ഒരു കഷ്ണം മുറിച്ച് അവളുടെ വായില്‍ കുത്തികേറ്റി. ഭീഷണിയുടെ സ്വരത്തില്‍ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.വിഴുങ്ങ്!!  അവള്‍ ഒന്നും നോക്കീല്യ, രണ്ടുകണ്ണും ഇറുക്കി അടച്ച് സര്‍വ്വശക്തീം സംഭരിച്ച് ഈശ്വരനെ മനസ്സില്‍ വിളിച്ച് ഒരൊറ്റ വിഴുങ്ങലാണ്. പഴത്തോടൊപ്പം പാല്‍പൊടിയും അങ്ങിറങ്ങിപ്പോയി. അവള്‍ സമാധാനത്തോടെ ശ്വാസം വലിച്ചു. അമ്മേം ആ അമ്മായിയേം നോക്കി വളിച്ച ഒരു ചിരി ചിരിച്ചു.

അയ്യട! കണ്ടാലും മതി ചിരി! പോയി കുളിക്കാന്‍ നോക്ക്. മനുഷ്യന്റെ നല്ലജീവന്‍ അങ്ങെടുത്തു.ഹല്ലാ പിന്നെ! ഒരു പാല്‍പൊടികൊതി. പൂതി മത്യായീലൊ ഇപ്പൊ. അമ്മക്ക് കലി അടങ്ങുന്നില്ലായിരുന്നു. അവള്‍ വീണ്ടും വളിഞ്ഞ ചിരിചിരിച്ചു. 

പിന്നെ നേരെ കുളിമുറിയിലേക്ക് നടന്നു. കുളിച്ചു കൊണ്ടു നിക്കുമ്പോള്‍ അവള്‍ മനസ്സിലോര്‍ത്തു. നമ്മള്‍ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് ചെയ്യുന്നതെന്തും ഒടുക്കം നമ്മുടെ തന്നെ കണ്ണ് പുറത്തേക്ക് തുറിപ്പിക്കും. അവള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു. പിന്നെ പതുക്കെ തണുത്ത ചെമ്പരത്തി താളി നിറുകയിലേക്കൊഴിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ