പച്ചകുപ്പിക്കുളളിലെ സൂര്യന്‍
ഉച്ചയുറക്കം
കഴിഞ്ഞുണര്‍ന്ന രാധ അടുക്കളയില്‍ ചായ വയ്പ്പിന്റെയും ഉഴുന്നു വട ഉണ്ടാക്കുന്നതിന്റേയും
തിരക്കിലാണ്. അവധി ദിവസങ്ങളില്‍ ചായക്കു കടിക്കാന്‍ എന്തെങ്കിലും ഒന്ന്
ഉണ്ടാക്കിയില്ലെങ്കില്‍ അവള്‍ക്കെന്തോപോലെ ആണ്. സോമേട്ടാ, ദേ ചൂടോടെ വട
കഴിക്കണോങ്കി വരൂട്ടൊ. അവള്‍ ഭര്‍ത്താവിനെ സ്നേഹപൂര്‍വ്വം വിളിച്ചു. ആളവിടെ
വീട്ടില്‍ തന്നെയുള്ള വര്‍ക്ക്ഷോപ്പിനകത്ത് തിരക്കിട്ട പണിയിലാണ്. ശനീം ഞായറും ആള്
ഷോപ്പില്‍ പോകാറില്ല .വല്യകുഴപ്പമില്ലാതെ ഓടുന്ന ഒരു ഇലക്ട്രോപ്ലേറ്റിങ്ങ്
ഐറ്റംസിന്റെ ഒരു ഷോപ്പ് നടത്തികൊണ്ട് പോകുന്നുണ്ട് കക്ഷി. സ്വന്തം ഭാര്യയുടെ
സ്നേഹം തുളുമ്പുന്ന വിളികേട്ട് അയാള്‍ പണിമതിയാക്കി എഴുന്നേറ്റു.
ഇന്നത്തേക്കിത്രേം മതി. സള്‍ഫ്യൂറിക് ആസിഡ് ഡയല്യൂട്ട് ചെയ്ത് നിറച്ചു
വച്ചിരിക്കുന്ന കുപ്പി താഴത്തുനിന്നും എടുത്ത് പടിഞ്ഞാറേ ജനല്‍ തിണ്ണയില്‍ വച്ചു.
ഇതിന്റെ കോര്‍ക്കെവിടെപ്പോയി? അയാള്‍
നിലത്തൊന്ന് ഓടിച്ചു നോക്കി. ഇല്യ കാണുന്നില്യ. ദേ വരണുണ്ടോ ഇങ്ങോട്ട്? ഇത് ചൂടോടെ
തിന്നാലേ സ്വാദുണ്ടാവൂട്ടൊ. പറഞ്ഞേക്കാം. പ്രിയതമ പരിഭവിക്കാന്‍ തുടങ്ങീരിക്കണു.
അയാള്‍ പൈപ്പ് തുറന്ന് കൈ വൃത്തിയായി സോപ്പിട്ടു കഴുകി. വാതില്‍ കുറ്റി തുറന്ന്
പുറത്ത് കടന്നു. പുറത്ത് നിന്നും വാതില്‍ ചാരി ഇടനാഴിയിലൂടെ ധൃതിയില്‍ അടുക്കളയിലേക്ക്
നടന്നു. ആഹാ! നല്ല മൊരുമൊരുന്നനെയുള്ള ഉഴുന്നുവടയും ആവി പറക്കുന്ന പത നിറഞ്ഞ
ചായയും. അയാള്‍ ചായ ഗ്ലാസും എടുത്ത് ഒരു ഉഴുന്ന് വടയും കടിച്ചുകൊണ്ട്
അടുക്കളത്തിണ്ടില്‍ കയറി ഇരുന്നു. വട സൂപ്പര്‍! സോമന്‍ ഭാര്യക്കൊരു അഭിനന്ദനം നല്‍കി.
മോളെഴുന്നേററില്ലേ? അയാള്‍ തിരക്കി. ഇല്യ, മണി നാലായതല്ലേ ഉള്ളു, അവളുണരാന്‍ ഒരര
മണിക്കൂര്‍ കൂടി കഴിയും.
അവര്‍ എന്തൊക്കെയോ
സംസാരിച്ചു കൊണ്ടിരുന്നു. സുധടീച്ചര്‍ വേനലവധിക്ക് ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ
അടുത്തേക്ക് മക്കളെ അമ്മയുടെ അടുത്താക്കി പോകാന്‍ പോണതിനെപററി അവളും
പളളിപെരുന്നാളടുത്തു അച്ചന്‍ ഏല്‍പ്പിച്ച മുത്തുകുടേടേം അലുക്കുകളുടേം പണി എത്രയും
വേഗം തീര്‍ക്കേണ്ടതിനെ പറ്റി അയാളും പരസ്പരം എന്തൊക്കെയോഇങ്ങനെ
പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് അകത്ത് ഒരു കുപ്പി വീണുടയുന്ന ശബ്ദം
കേട്ടു. അയാള്‍ അകത്തേക്കോടി. ഒന്നും മനസ്സിലാവാതെ അവളും പിന്നാലെ പാഞ്ഞു.
അതാ തന്റെ
പണിശാലയുടെ ചാരിയ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. അയാള്‍ക്ക് അപകടം
മണത്തു. ന്റെ മോളേ! ചങ്കിടിപ്പോടെ അയാള്‍ അകത്ത് കേറി. ഒരു പനിനീര്‍പ്പൂ നിറമുള്ള നൈലോണ്‍ ഷിമ്മീസുമിട്ട് ഉറക്കച്ചടവ്
മാറാത്തമുഖത്തോടെ അവരുടെ മൂന്നുവയസ്സുകാരി വാവാച്ചി! ഉടുപ്പ് മൊത്തം
നനഞ്ഞിട്ടുണ്ട്. അയാള്‍ നിമിഷാര്‍ദ്ധം കൊണ്ട് ആ ഷിമ്മീസ് തലവഴി ഊരിയെടുത്ത്
നിലത്തിട്ടു. ഊരിയെടുക്കും വഴി അവളുടെ വലതുകൈതണ്ടയില്‍ ഷിമ്മീസിനൊപ്പം അയാളുടെ
കൈയൊന്നമര്‍ന്നു. മോളു വല്ലാത്ത ഒരു നീറ്റലോടെ അലറിക്കരഞ്ഞു. അയാളവളെ
വാരിയെടുത്ത് പിന്നാലെ ഓടിയെത്തിയ ഭാര്യയെ ഏല്‍പിച്ചു. കൈ ഒന്ന് കഴുകിച്ചിട്ട്
കുറച്ച് ബെററാഡിന്‍ തേച്ചു കൊടുത്തേക്ക് അയാളവളോട് പറഞ്ഞു. കാര്യായിട്ടു
പൊള്ളിയോ? അവള്‍ ചോദിച്ചു. ഭഗവാന്‍ കാത്തു. ജനലിക്കെ വച്ചിരുന്ന കുപ്പിയാ തലവഴി
മറിയാഞ്ഞത് ഭാഗ്യം! വലിച്ചൂരിയിട്ട നൈലോണ്‍ ഷിമ്മി നിലത്ത് കിടന്ന് ഉരുകി
ചുരുങ്ങുന്നതും നോക്കി അയാള്‍ പറഞ്ഞു.
എന്തേ ഇണ്ടായത്
അമ്മേടെ കുട്ടിക്ക്? അമ്മേ ഞാന് നോക്കീപ്പൊ സൂര്യഭഗവാന്‍ പച്ചകുപ്പീടെ
ഉള്ളിലൊളിച്ചിരുന്നിട്ടേ ചിരിക്ക്യാ. പച്ചനെറത്തില് നല്ല ഭംഗീള്ള ലൈറ്റ് അടിപ്പിച്ചിട്ടിങ്ങനെ.
അപ്പൊ ഞാന് ആ കുപ്പി എടുത്തുനോക്കീതാ. അതു ചരിഞ്ഞ് എന്‍റെ ഉടുപ്പ്മൊക്കെ വെള്ളം
പോയി. താഴത്ത് വീണതും പോട്ടീംപോയി. അവള്‍ ഒഴുകിവന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട്
പറഞ്ഞു. രാധ വേഗം അവളുടെ കൈ കഴുകി മരുന്ന് തേച്ചു കൊടുത്തു.
അയാള്‍ ആലോചിക്കുകയായിരുന്നു
സൂര്യഭഗവാന്‍ കുപ്പിക്കുള്ളിലോ? എന്തൊക്കെയാ ഈ കുട്ടി കിടന്ന് പറയണേ? അയാള്‍ പടിഞ്ഞാറേ ജനലിലൂടെ പുറത്തേക്കുനോക്കി പോക്കുവെയില്‍
സൂര്യന്‍റെ സ്വര്‍ണ്ണപ്രഭ അയാളുടെ മുഖത്തെക്കടിച്ചു. അയാള്‍ക്ക് പെട്ടന്ന്
മനസ്സിലായി ഈ സൂര്യപ്രകാശം
പച്ച്ചകുപ്പിക്കുള്ളില്‍ കൂടി കണ്ടതിനെ ആണ് അവളങ്ങനെ പറഞ്ഞത് എന്ന്.
അപ്പോഴും തന്റെ
അശ്രദ്ധമൂലം സ്വന്തം കുഞ്ഞിനുണ്ടാകുമായിരുന്ന വലിയ ദുരന്തത്തില്‍ നിന്നും
മുടിനാരിഴക്ക് രക്ഷപെട്ടതിന്റെ ആശ്വാസം ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലായിരുന്നു അയാള്‍.
ഒരിക്കല്‍ കൂടി അയാള്‍ വെറുതെ സൂര്യനെ നോക്കി തന്റെ പുഞ്ചിരിതിളക്കം കണ്ട് ആകൃഷ്ടയായ ആ കുരുന്നിന് സംഭവിക്കുമായിരുന്ന മുഖവൈകൃതത്തിന്റെ തീരാദുഃഖത്തില്‍ നിന്നും കടുകിടവ്യത്യാസത്തിന് ആ പിഞ്ചുകുഞ്ഞ് രക്ഷപെട്ടതിന്റെ ആശ്വാസം സൂര്യന്‍ തന്നോട് പങ്കുവെക്കുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ സൂര്യനെ നോക്കി പുഞ്ചിരിച്ചു.
പടിഞ്ഞാറേ ജനലിലൂടെ കടന്നു വന്ന പോക്കുവെയില്‍ നിലത്തു ചിതറികിടക്കുന്ന പച്ചകുപ്പിചില്ലുകഷ്ണങ്ങളില്‍ തട്ടി തിളങ്ങി. അയാളെപ്പോലെ സൂര്യഭാഗവാനും ആശ്വാസചിരി ചിരിക്കുകയാവണം.
പടിഞ്ഞാറേ ജനലിലൂടെ കടന്നു വന്ന പോക്കുവെയില്‍ നിലത്തു ചിതറികിടക്കുന്ന പച്ചകുപ്പിചില്ലുകഷ്ണങ്ങളില്‍ തട്ടി തിളങ്ങി. അയാളെപ്പോലെ സൂര്യഭാഗവാനും ആശ്വാസചിരി ചിരിക്കുകയാവണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ