2014, നവംബർ 12, ബുധനാഴ്‌ച

കാളവണ്ടി

ഇത് രേണുക നഗരത്തില്‍ നിന്നും പുതുതായി ക്ലാര്‍ക്ക് തസ്തികയില്‍ പോസ്റ്റ്‌ ഓഫീസില്‍ നിയമനം കിട്ടിവന്ന പെണ്‍കുട്ടി. നഗരപരിഷ്ക്കാരത്തിന്റെ അല്‍പസ്വല്‍പം ജാഡകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ എല്ലാവരും സമ്മതിക്കും ഇവളൊരു നല്ലപെണ്‍കുട്ടി എന്ന്. ആദ്യത്തെ ഒരാഴ്ച ടൗണിലെ ലേഡീസ് ഹോസ്റ്റലില്‍ ആയിരുന്ന അവള്‍ പിന്നീട് പോസ്റ്റാഫീസിനടുത്തുള്ള ഒരു വീട്ടില്‍ പേയിങ് ഗസ്റ്റ് ആയിട്ടു കേറി. 

രാവിലെ പോസ്റ്റോഫീസിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് രേണുക. ഒരുപത്തിരുപത് വയസ്സ് കാണുമായിരിക്കും അവള്‍ക്ക് പാകത്തിനു വണ്ണം, നല്ല ശരീരവടിവ്, ചുരുണ്ട് ഇടതൂര്‍ന്ന മുടി, ഉയരം കുറവാണോ? ഏയ്, അല്ല. അത്യാവശ്യത്തിന് പൊക്കം ഉണ്ടിവള്‍ക്ക്. അന്നവള്‍ വെള്ളയില്‍ റോസ് പുള്ളികളുള്ള ഒരു നൈലോണ്‍ സാരിയും മാച്ചിങ് റോസ് ബ്ലൗസുമാണ് ഇട്ടത്. നല്ല പാകത്തിന്  തയ്പിച്ചിരിക്കുന്ന ബ്ലൗസ്. ഇട്ടടിച്ചപോലുണ്ട്. സിനിമയിലെയും വാരികകളിലേയുമൊക്കെയുള്ള മാറിമാറി വരുന്ന ബ്ലൗസ് ഡിസൈന്‍സ് വരച്ച് അതേ മോഡലില്‍ തയ്യല്‍ക്കാരനെകൊണ്ട് തയ്പിച്ചിടാന്‍ അവള്‍ക്കൊരു പ്രത്യേകതാല്‍പര്യമാണ്. ഇന്നത്തെ ബ്ലൗസും അത്തരത്തില്‍ തയ്പിച്ചെടുത്തതാണ്. കൈമുട്ടുകള്‍ കഴിഞ്ഞും നീണ്ടു കിടക്കുന്ന കൈയിറക്കം പിന്‍ കഴുത്ത് വെള്ളയും റോസും തുണി ഇടകലര്‍ത്തി ഒരു പായമെടച്ചില്‍ ശൈലിയില്‍ ഭംഗിയാക്കിയിരിക്കുന്നു. അവള്‍ ഒരുക്കങ്ങള്‍ എല്ലാം കഴിഞ്ഞ് നിലകണ്ണാടിക്കുമുന്നില്‍ പുറം തിരിഞ്ഞ് നിന്നു. കൈയില്‍ പിടിച്ചിരിക്കുന്ന ചെറിയ കണ്ണാടിയിലൂടെ പിന്‍കഴുത്തിന്റെ ഭംഗി ഉറപ്പുവരുത്തി. വീട്ടുകാരി ജയച്ചേച്ചി നിറച്ചു കൊടുത്ത ചോറ്റുപാത്രം ഹാന്റ് ബാഗിലേക്ക് എടുത്ത് വച്ച് കുടയും എടുത്ത് ഒരിക്കല്‍ കൂടി കണ്ണാടിയില്‍ മുഖഭംഗി ആസ്വദിച്ചശേഷം അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു. ജയച്ചേച്ചീ, ഞാന്‍ ദാ, ഇറങ്ങ്യാണേ. 

രേണുക ഒരുങ്ങി ഇറങ്ങുന്നതു കാണാന്‍ ജയന്തിക്കിഷ്ടമാണ്. ഒരു പ്രത്യേകഭംഗിയാണവള്‍ക്ക്. ജയന്തി ഉമ്മറത്തെത്തുമ്പോള്‍ അവള്‍ പടിക്കലേക്ക് നടന്നു തുടങ്ങീരുന്നു. നീണ്ടു കിടക്കുന്ന ചുരുളന്‍മുടി കുളിപ്പിന്നല്‍ പിന്നി തുമ്പത്ത് മാച്ചിങ് ബണ്ണുമിട്ട് ഒരു പ്രത്യേകതാളത്തില്‍ അവള്‍ നടന്നു നീങ്ങുന്നു. നടത്തത്തിന്റെ താളത്തിനനുസരിച്ച്  പനങ്കുലകെട്ടിവച്ചപോലുള്ള മുടിത്തുമ്പും ആടുന്നുണ്ടായിരുന്നു. പടി കടന്ന് അവള്‍ ഇടവഴിയിലേക്ക് കയറി ധൃതിവെച്ച് നടന്നു. 

ഒരു പത്തുപതിനഞ്ചു മിനിട്ട് ആ ഇടവഴിയിലൂടെ നടന്നെങ്കിലേ ടാറിട്ട റോഡെത്തൂ.  അവള്‍ നടത്തത്തിന്റെ വേഗം പിന്നേയും കൂട്ടി. ഒരഞ്ചുമിനിട്ട് കഴിഞ്ഞു കാണില്യ, പിന്നില്‍ മണികിലുക്കവും കടകടശബ്ദവും കേട്ട് അവള്‍ തിരിഞ്ഞു നോക്കി. അയലത്തെ വെളുത്ത് കിളിക്കൂട് മുടി സ്റ്റൈലും ഒക്കെ വച്ച കട്ടിമീശക്കാരന്‍ ശൃംഗാരവേലന്‍. ഇയാളിതെന്തുദ്ദേശിച്ചാ! കാളകളുടെ മൂക്കുകയര്‍ ഒന്ന് മുറുക്കി ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കി അവയെ ഓടിപ്പിക്കാന്‍ നോക്കുന്നതു കണ്ട് അവള്‍ കരുതി. 

അതാ അവറ്റകള്‍ കൊമ്പും കുലുക്കി ഓടി വരുന്നു. ഒതുങ്ങിനിന്നുകൊടുക്കാംന്നുവെച്ചാല്‍ കഷ്ടി ആ കാളവണ്ടിക്ക് കടന്നു പോകാനുള്ള വീതിയേ ആ വഴിക്കുള്ളു. രണ്ടു വശത്തും കുറ്റിചെടികളാണ്. ആ കാളകളുടെ കൊമ്പുകണ്ടപ്പോഴേ അവളുടെ ചങ്കിടിച്ചു. അയാള്‍ വിടാന്‍ ഭാവമില്ലായിരുന്നു. അവളുടെ പേടിയും വെപ്രാളവും അയാളെ ഹരം പിടിപ്പിച്ചു. അയാള്‍ കാളവണ്ടിയുടെ വേഗം കൂട്ടികൊണ്ടേ ഇരുന്നു. രേണുക ഓടാന്‍ തുടങ്ങീരുന്നു. കാളകള്‍ അവളെ തൊട്ടുതൊട്ടില്ല എന്നമട്ടില്‍ പിറകെ ഉണ്ട്. 

അവള്‍ പേടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു. എന്തിനാ ഈശ്വരാ! എന്നെ ഇങ്ങനെ ഉപദ്രവിക്കണെ, ദയവുചെയ്ത് ആ കാളകളെ ഒന്ന് നിര്‍ത്ത്വോ? അയാള്‍ അതൊന്നും കേട്ടമട്ടുവെച്ചില്ല. വല്യജാഡക്കാരിയായിരുന്നല്ലോ? നമ്മളെയൊക്കെ വെറും ഓണംകേറാമൂലക്കാര്‍ എന്നഭാവത്തിലല്ലേ നോക്കീരുന്നെ. ഇപ്പൊ എന്താ... ഒരു കെഞ്ചല്? വേണ്ട മോളെ.... നിന്നെ ഞാനിന്നാ ടാറിട്ട റോഡ് വരെ ഓടിക്കും. നോക്കിക്കൊ! അയാള്‍ മനസ്സില്‍ പറഞ്ഞു. 

ഒരു കൂസലും ഇല്യാതെ അയാള്‍ വീണ്ടും വണ്ടി പായിച്ചു. അവള്‍ തിരിഞ്ഞു നോക്കികൊണ്ടായിരുന്നു ഓടിയത്. കൊമ്പും കുലുക്കി ഓടിയടുക്കുന്ന കാളകളെ തൊട്ടടുത്ത് കണ്ട ഭയം കൊണ്ട് തലചുറ്റിയതോ കുറച്ചു നേരം ഓടിയതിന്റെ തളര്‍ച്ചകൊണ്ട് കാലിടറിയതോ എന്തോ അയാള്‍ നോക്കുമ്പോള്‍ അവള്‍ കുഴഞ്ഞ് വീഴുന്നതാണ് കണ്ടത്. അയാളുടെ മുഖത്തെ ചിരിമാഞ്ഞു. ഒറ്റ വലിക്ക് അയാള്‍ കാളവണ്ടി ബ്രേക്കിട്ടപോലെ നിര്‍ത്തി, ചാടി വണ്ടിയില്‍ നിന്നും ഇറങ്ങി. 

അവള്‍ ആ ചെമ്മണ്ണില്‍ വീണ് കിടക്കുകയാണ്. ഏയ്! കുട്ടീ, എനീക്കൂട്ടൊ. ഇല്യ. കക്ഷി അനങ്ങുന്നില്ല. അയാള്‍ക്ക് ഭയമായി. അടുത്തെങ്ങും സഹായത്തിനു വിളിച്ചാല്‍ കേള്‍ക്കാന്‍ പോലും ആരുമില്ല. ശ്ശെടാ! മെനക്കേടായീലൊ. ഈ പെണ്ണിത്രതൊട്ടാവാടിയാണെന്ന് ഞാനറിഞ്ഞോ? ആ ജാഢേം ഭാവവും ഒക്കെ കണ്ടപ്പൊ ഞാന്‍ വിചാരിച്ചത് ആളൊരു ഝാന്‍സി റാണിയാണെന്നല്ലേ? അയാളവളെ വീണ്ടും നോക്കി. വീണിതല്ലോ കിടക്കുന്നു ധരണിയില്‍! എന്നമട്ടില്‍ വിളറി ചോരരാശി തീര്‍ത്തും ഇല്ലാതെ അവള്‍ കിടന്നു. 

പാടത്ത് പണിക്കാര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ കാളവണ്ടിയില്‍ കരുതിവച്ചിരുന്ന വെള്ളകുപ്പിയില്‍ നിന്നും ഒരല്‍പം വെള്ളമെടുത്ത് അയാള്‍ അവളുടെ മുഖത്ത് തളിച്ചു.

അവള്‍ പതുക്കെ മിഴികള്‍ തുറക്കാന്‍ ശ്രമിച്ചു. അയാള്‍ക്കാശ്വാസമായി. ഹൊ! ഒന്നും പറ്റിയിട്ടില്ലല്ലോ. സമാധാനമായി. അവള്‍ വീണുകിടക്കുന്നിടത്തുനിന്നും പതിയെ എഴുന്നേറ്റിരുന്നു. സാരി മൊത്തം ചെങ്കല്ലുപൊടിയാണ് അവള്‍ക്കെന്തോപോലെ തോന്നി. ഇരുന്നിടത്തുനിന്നും എണീക്കാന്‍ നോക്കി. പറ്റുന്നില്ല. വീഴ്ചയില്‍ കാലിനെന്തോ ഉളുക്ക് പറ്റീതാന്നാ തോന്നണെ. അവള്‍ ഒരു സഹായത്തിനായി അയാളെ നോക്കി. അത് കണ്ടിട്ടാവണം അയാള്‍ ചോദിച്ചു. എന്തേ? എണീക്കാന്‍ പറ്റണില്ലേ? അവള്‍ക്കു ദേഷ്യം വന്നു. ഇതെല്ലാം വരുത്തിവച്ചതും പോരാ എന്താ എണീക്കാന്‍  പറ്റണില്ലേത്രെ? അവള്‍ക്കു ദേഷ്യം വരുന്നതുകാണാന്‍ അയാള്‍ക്കെന്തോ ഒരു രസം തോന്നി. അയാള്‍ അവള്‍ക്കു പിടിച്ചെണീക്കാന്‍ കൈ നീട്ടികൊടുത്തു. അവളാ കൈകളില്‍ പിടിച്ചെണീറ്റു.

അവര്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി. അതുവരെ ഉണ്ടായിരുന്ന ദേഷ്യം തിരിച്ചറിയാനാവാത്ത മറ്റെന്തോ ഭാവമായി മാറുന്നത് അവരറിഞ്ഞു. നടക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. വണ്ടിയില്‍ കേറിക്കോളൂ. ഞാന്‍ തിരിച്ച് വീട്ടില്‍ കൊണ്ടുവിടാം. ഇന്നിനി പോസ്റ്റ്‌ ഓഫീസില്‍ പോവാന്‍ നിക്കണ്ട. റസ്റ്റ്‌ എടുത്തോളൂട്ടോ. അയാള്‍ അവളെ താങ്ങി എടുത്ത് കാളവണ്ടിയിലേക്ക് കയറ്റുമ്പോള്‍ പറഞ്ഞു. അവള്‍ അയാളെ തന്നെ നോക്കിക്കൊണ്ടു സമ്മതം മൂളി. ഒരല്പം മുന്നേ തന്നെ ഇത്രയേറെ കഷ്ടപെടുത്തിയ ആളുതന്നെയല്ലേ ഇത്? അയാളുടെ ആ കരുതലും സ്നേഹവും കണ്ട് അവള്‍ക്കു വല്ലാത്ത ഒരു ആത്മബന്ധം അവര്‍ക്കിടയില്‍ ഉടലെടുത്ത പോലെ തോന്നി. 

അവളെ വണ്ടിയില്‍ കയറ്റി അയാള്‍ ടാറിട്ട റോഡ്‌ വരെ വണ്ടി ഓടിച്ച് അവിടെച്ചെന്ന്‍ വണ്ടിതിരിച്ച് ഇടവഴിയിലേക്ക് വീണ്ടും ഇറക്കി. ഇപ്പോ അയാള്‍ കാളയെ ഓടിക്കുന്നേ ഇല്ല. കാളകള്‍ പരിചിതമായ വഴിയിലൂടെ ആരും തെളിക്കാതെ തന്നെ നടന്നുകൊണ്ടിരുന്നു. അവര്‍ പരസ്പരം നോക്കിക്കോണ്ട് മറ്റേതോ ലോകത്തിലായിരുന്നു. 

കാളവണ്ടി നിന്നതോ അയാളുടെ അമ്മയും ഏടത്തിമാരും ചുറ്റും വന്നു നിന്നതോ ഒന്നും അവരറിഞ്ഞില്ല. ഡാ! ഇതാ ജയേടെ  വീട്ടില് താമസിക്കണ കുട്ടിയല്ലേ? ഈ കൊച്ചെന്താ നിന്‍റെ വണ്ടീല്? എടാ സുധാകരാ! നിന്നോടാ ചോദിച്ചേ. അമ്മയുടെഉറക്കെയുള്ള   ചോദ്യം അവരെ സ്വപ്നലോകത്തില്‍ നിന്നുണര്‍ത്തി. 

അവള്‍ക്കു വല്ലാത്ത ജാള്യത തോന്നി. പക്ഷെ അയാള്‍ക്ക്‌ ഒട്ടും ചാഞ്ചല്യം ഇല്ലായിരുന്നു. എല്ലാവര്ക്കും മുന്നില്‍ വെച്ച് അയാള്‍ അവളെ  കാളവണ്ടിയില്‍ നിന്നും എടുത്തിറക്കി. ഏടത്തിമാര്‍ക്ക് നാണം തോന്നി. എടാ, ചെക്കാ! നീയിതെന്തിനുള്ള  പുറപ്പാടാ? ഒന്നുല്യാ അമ്മെ, ഇതാണ് അമ്മേടെ പുതിയ മരുമകള്. എങ്ങനെണ്ട്? കൊള്ളാമോ? അവളേം എടുത്ത് പിടിച്ച് അമ്മേടെ തൊട്ടുമുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തീട്ട് അയാള്‍ ചോദിച്ചു. 

സ്വന്തം മോന്‍റെ ഒരിഷ്ടത്തിനും എതിരു നില്‍ക്കാത്ത ആ അമ്മ അവളെ തന്നോട് ചേര്‍ത്ത് പിടിച്ചു. അവള്‍ ആ അമ്മയുടെ  കറയില്ലാത്ത സ്നേഹത്തിനു മുന്നില്‍ തലകുനിച്ചു. അങ്ങനെ നഗരപരിഷ്ക്കാരി രേണുകാ മേനോന്‍ ഓണം കേറാമൂലക്കാരന്‍ സുധാകരന്‌ സ്വന്തം!

ഒരു കാളവണ്ടി തന്ന സമ്മാനം! അയാള്‍ തന്‍റെ കാളകുട്ടന്മാരെ നന്ദിയോടെ നോക്കി.

2014, നവംബർ 11, ചൊവ്വാഴ്ച

പച്ചകുപ്പിക്കുളളിലെ സൂര്യന്‍
ഉച്ചയുറക്കം കഴിഞ്ഞുണര്‍ന്ന രാധ അടുക്കളയില്‍ ചായ വയ്പ്പിന്റെയും ഉഴുന്നു വട ഉണ്ടാക്കുന്നതിന്റേയും തിരക്കിലാണ്. അവധി ദിവസങ്ങളില്‍ ചായക്കു കടിക്കാന്‍ എന്തെങ്കിലും ഒന്ന് ഉണ്ടാക്കിയില്ലെങ്കില്‍ അവള്‍ക്കെന്തോപോലെ ആണ്. സോമേട്ടാ, ദേ ചൂടോടെ വട കഴിക്കണോങ്കി വരൂട്ടൊ. അവള്‍ ഭര്‍ത്താവിനെ സ്നേഹപൂര്‍വ്വം വിളിച്ചു. ആളവിടെ വീട്ടില്‍ തന്നെയുള്ള വര്‍ക്ക്ഷോപ്പിനകത്ത് തിരക്കിട്ട പണിയിലാണ്. ശനീം ഞായറും ആള് ഷോപ്പില്‍ പോകാറില്ല .വല്യകുഴപ്പമില്ലാതെ ഓടുന്ന ഒരു ഇലക്ട്രോപ്ലേറ്റിങ്ങ് ഐറ്റംസിന്റെ ഒരു ഷോപ്പ് നടത്തികൊണ്ട് പോകുന്നുണ്ട് കക്ഷി. സ്വന്തം ഭാര്യയുടെ സ്നേഹം തുളുമ്പുന്ന വിളികേട്ട് അയാള്‍ പണിമതിയാക്കി എഴുന്നേറ്റു. ഇന്നത്തേക്കിത്രേം മതി. സള്‍ഫ്യൂറിക് ആസിഡ് ഡയല്യൂട്ട് ചെയ്ത് നിറച്ചു വച്ചിരിക്കുന്ന കുപ്പി താഴത്തുനിന്നും എടുത്ത് പടിഞ്ഞാറേ ജനല്‍ തിണ്ണയില്‍ വച്ചു. ഇതിന്റെ കോര്‍ക്കെവിടെപ്പോയി? അയാള്‍ നിലത്തൊന്ന് ഓടിച്ചു നോക്കി. ഇല്യ കാണുന്നില്യ. ദേ വരണുണ്ടോ ഇങ്ങോട്ട്? ഇത് ചൂടോടെ തിന്നാലേ സ്വാദുണ്ടാവൂട്ടൊ. പറഞ്ഞേക്കാം. പ്രിയതമ പരിഭവിക്കാന്‍ തുടങ്ങീരിക്കണു. അയാള്‍ പൈപ്പ് തുറന്ന് കൈ വൃത്തിയായി സോപ്പിട്ടു കഴുകി. വാതില്‍ കുറ്റി തുറന്ന് പുറത്ത് കടന്നു. പുറത്ത് നിന്നും വാതില്‍ ചാരി ഇടനാഴിയിലൂടെ ധൃതിയില്‍ അടുക്കളയിലേക്ക് നടന്നു. ആഹാ! നല്ല മൊരുമൊരുന്നനെയുള്ള ഉഴുന്നുവടയും ആവി പറക്കുന്ന പത നിറഞ്ഞ ചായയും. അയാള്‍ ചായ ഗ്ലാസും എടുത്ത് ഒരു ഉഴുന്ന് വടയും കടിച്ചുകൊണ്ട് അടുക്കളത്തിണ്ടില്‍ കയറി ഇരുന്നു. വട സൂപ്പര്‍! സോമന്‍ ഭാര്യക്കൊരു അഭിനന്ദനം നല്‍കി. മോളെഴുന്നേററില്ലേ? അയാള്‍ തിരക്കി. ഇല്യ, മണി നാലായതല്ലേ ഉള്ളു, അവളുണരാന്‍ ഒരര മണിക്കൂര്‍ കൂടി കഴിയും.

അവര്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. സുധടീച്ചര്‍ വേനലവധിക്ക് ഗള്‍ഫിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് മക്കളെ അമ്മയുടെ അടുത്താക്കി പോകാന്‍ പോണതിനെപററി അവളും പളളിപെരുന്നാളടുത്തു അച്ചന്‍ ഏല്‍പ്പിച്ച മുത്തുകുടേടേം അലുക്കുകളുടേം പണി എത്രയും വേഗം തീര്‍ക്കേണ്ടതിനെ പറ്റി അയാളും പരസ്പരം എന്തൊക്കെയോഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടന്ന് അകത്ത് ഒരു കുപ്പി വീണുടയുന്ന ശബ്ദം കേട്ടു. അയാള്‍ അകത്തേക്കോടി. ഒന്നും മനസ്സിലാവാതെ അവളും പിന്നാലെ പാഞ്ഞു.

അതാ തന്റെ പണിശാലയുടെ ചാരിയ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. അയാള്‍ക്ക് അപകടം മണത്തു. ന്റെ മോളേ! ചങ്കിടിപ്പോടെ അയാള്‍ അകത്ത് കേറി. ഒരു പനിനീര്‍പ്പൂ  നിറമുള്ള നൈലോണ്‍ ഷിമ്മീസുമിട്ട് ഉറക്കച്ചടവ് മാറാത്തമുഖത്തോടെ അവരുടെ മൂന്നുവയസ്സുകാരി വാവാച്ചി! ഉടുപ്പ് മൊത്തം നനഞ്ഞിട്ടുണ്ട്. അയാള്‍ നിമിഷാര്‍ദ്ധം കൊണ്ട് ആ ഷിമ്മീസ് തലവഴി ഊരിയെടുത്ത് നിലത്തിട്ടു. ഊരിയെടുക്കും വഴി അവളുടെ വലതുകൈതണ്ടയില്‍ ഷിമ്മീസിനൊപ്പം അയാളുടെ കൈയൊന്നമര്‍ന്നു. മോളു വല്ലാത്ത ഒരു നീറ്റലോടെ അലറിക്കരഞ്ഞു. അയാളവളെ വാരിയെടുത്ത് പിന്നാലെ ഓടിയെത്തിയ ഭാര്യയെ ഏല്‍പിച്ചു. കൈ ഒന്ന് കഴുകിച്ചിട്ട് കുറച്ച് ബെററാഡിന്‍ തേച്ചു കൊടുത്തേക്ക് അയാളവളോട് പറഞ്ഞു. കാര്യായിട്ടു പൊള്ളിയോ? അവള്‍ ചോദിച്ചു. ഭഗവാന്‍ കാത്തു. ജനലിക്കെ വച്ചിരുന്ന കുപ്പിയാ തലവഴി മറിയാഞ്ഞത് ഭാഗ്യം! വലിച്ചൂരിയിട്ട നൈലോണ്‍ ഷിമ്മി നിലത്ത് കിടന്ന് ഉരുകി ചുരുങ്ങുന്നതും നോക്കി അയാള്‍ പറഞ്ഞു.

എന്തേ ഇണ്ടായത് അമ്മേടെ കുട്ടിക്ക്? അമ്മേ ഞാന് നോക്കീപ്പൊ സൂര്യഭഗവാന്‍ പച്ചകുപ്പീടെ ഉള്ളിലൊളിച്ചിരുന്നിട്ടേ ചിരിക്ക്യാ. പച്ചനെറത്തില് നല്ല ഭംഗീള്ള ലൈറ്റ് അടിപ്പിച്ചിട്ടിങ്ങനെ. അപ്പൊ ഞാന് ആ കുപ്പി എടുത്തുനോക്കീതാ. അതു ചരിഞ്ഞ് എന്‍റെ ഉടുപ്പ്മൊക്കെ വെള്ളം പോയി. താഴത്ത് വീണതും പോട്ടീംപോയി. അവള്‍ ഒഴുകിവന്ന കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു. രാധ വേഗം അവളുടെ കൈ കഴുകി മരുന്ന് തേച്ചു കൊടുത്തു.

അയാള്‍ ആലോചിക്കുകയായിരുന്നു സൂര്യഭഗവാന്‍ കുപ്പിക്കുള്ളിലോ? എന്തൊക്കെയാ ഈ കുട്ടി  കിടന്ന് പറയണേ? അയാള്‍ പടിഞ്ഞാറേ  ജനലിലൂടെ പുറത്തേക്കുനോക്കി പോക്കുവെയില്‍ സൂര്യന്‍റെ സ്വര്‍ണ്ണപ്രഭ അയാളുടെ മുഖത്തെക്കടിച്ചു. അയാള്‍ക്ക്‌ പെട്ടന്ന് മനസ്സിലായി ഈ  സൂര്യപ്രകാശം പച്ച്ചകുപ്പിക്കുള്ളില്‍ കൂടി കണ്ടതിനെ ആണ് അവളങ്ങനെ പറഞ്ഞത് എന്ന്.


അപ്പോഴും തന്റെ അശ്രദ്ധമൂലം സ്വന്തം കുഞ്ഞിനുണ്ടാകുമായിരുന്ന വലിയ ദുരന്തത്തില്‍ നിന്നും മുടിനാരിഴക്ക് രക്ഷപെട്ടതിന്റെ ആശ്വാസം ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലായിരുന്നു അയാള്‍. ഒരിക്കല്‍ കൂടി അയാള്‍ വെറുതെ സൂര്യനെ നോക്കി തന്റെ പുഞ്ചിരിതിളക്കം കണ്ട് ആകൃഷ്ടയായ ആ കുരുന്നിന് സംഭവിക്കുമായിരുന്ന മുഖവൈകൃതത്തിന്റെ തീരാദുഃഖത്തില്‍ നിന്നും കടുകിടവ്യത്യാസത്തിന് ആ പിഞ്ചുകുഞ്ഞ് രക്ഷപെട്ടതിന്റെ ആശ്വാസം സൂര്യന്‍ തന്നോട് പങ്കുവെക്കുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ സൂര്യനെ നോക്കി പുഞ്ചിരിച്ചു.

പടിഞ്ഞാറേ ജനലിലൂടെ കടന്നു വന്ന പോക്കുവെയില്‍ നിലത്തു ചിതറികിടക്കുന്ന പച്ചകുപ്പിചില്ലുകഷ്ണങ്ങളില്‍ തട്ടി തിളങ്ങി. അയാളെപ്പോലെ സൂര്യഭാഗവാനും ആശ്വാസചിരി ചിരിക്കുകയാവണം.

2014, നവംബർ 10, തിങ്കളാഴ്‌ച

ചെമ്പരത്തിതാളി

അമ്മ കുളിക്കാന്‍ കയറുന്നതും നോക്കി ഒന്നും അറിയാത്തപോലെ അവള്‍ ഒരു പൂമ്പാറ്റയും വായിച്ച് വടക്കോറത്തെ തിണ്ണയില്‍ ഇരുന്നു. ഈ അമ്മയെന്താ ഇനിയും കുളിക്കാന്‍ കേറാത്തെ? എത്രനേരായി ഒരുക്കങ്ങള്‍ തുടങ്ങീട്ട് തലയിലും കൈകാലുകളിലും എണ്ണ ഒഴുക്കിട്ട് തേച്ചുപിടിപ്പിച്ചിട്ടും എന്തോ തൃപ്തി വരാത്തതുപോലെ അമ്മ വീണ്ടും വീണ്ടും തേച്ചു പിടിപ്പിച്ചു കൊണ്ടിരിക്കുന്നു. അല്ലാ, അമ്മയെ കുറ്റം പറഞ്ഞൂട. എന്നും രാവിലെ വീട്ടുജോലികളും തീര്‍ത്ത് സ്ക്കൂളിലേക്കോടുമ്പൊ ഒരുകാക്കകുളിയല്ലേ നടത്താന്‍ പറ്റാറുള്ളു. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ എന്ന മട്ടില്‍ തന്നെയാണ് ഈ കുളിയൊരുക്കം. അവളുടെ ക്ഷമ നശിച്ചു തുടങ്ങീരുന്നു. ഹൊ! ആശ്വാസം അതാ അമ്മ കറുത്തിരുണ്ട് നീണ്ടുകിടക്കുന്ന ആ ചുരുളന്‍ മുടി എണ്ണതേപ്പവസാനിപ്പിച്ച് നിറുകയില്‍ ഉയര്‍ത്തി കെട്ടിവച്ചു.

ഇപ്പൊ കേറുമല്ലോ അമ്മ കുളിക്കാന്‍!  അവള്‍ സന്തോഷിച്ചു. എവിടെ! അവളുടെ സന്തോഷത്തിനു വിഘ്നം വരുത്തികൊണ്ട് അമ്മ നീട്ടി വിളിച്ചു. മോളേ.... ഇങ്ങുവാ എണ്ണതേപ്പിക്കട്ടെ. ഒരാഴ്ചയായി മേത്ത് എണ്ണതേച്ചിട്ട്. അവള്‍ അക്ഷമ പുറത്ത് കാണിക്കാതെ വേഗം അമ്മ വിളിച്ചിടത്തേക്ക് ചെന്നു. അമ്മ തലയിലും മേത്തും എണ്ണതേച്ചുപിടിപ്പിച്ചു.ഇനി നീ പോയി വേലിക്കല്‍ നിന്നും കുറച്ച് ചെമ്പരത്തിയില പൊട്ടിച്ചോണ്ടു വന്നെ. അവള്‍ കേട്ടപാതി കേള്‍ക്കാത്തപാതി ഓടി. അതുകിട്ടാഞ്ഞിട്ട് അമ്മ കുളിക്കാന്‍ കേറാന്‍ വൈകണ്ട. ഞൊടിയിടക്കുള്ളില്‍ അവള്‍ പത്തിരുപത് ചെമ്പരത്തിയിലകളുമായി തിരിച്ചെത്തി.


അമ്മ അതും വാങ്ങി കുളിമുറിയിലേക്ക് നടക്കും വഴി അവള്‍ക്കൊരു താക്കീത് കൊടുക്കാന്‍ മറന്നില്ല.ദേ, നോക്ക്.... എണ്ണതേച്ചിട്ടുള്ളതാ ഞാനങ്ങോട്ട് കുളിക്കാന്‍ കേറ്യാല്‍ ആ ചെറുക്കന്‍മാരുടെ കൂടെ ഈ ഷിമ്മീസും ഇട്ട് കാടോടി നടന്നാലുണ്ടല്ലോ.ങാ...ഞാന്‍ പറഞ്ഞേക്കാം.വെല്ലിച്ഛന്‍മാരുടെ മക്കളെ ഉദ്ദശിച്ചാണ് അമ്മ അതു പറഞ്ഞത്.അവളൊത്തിരി മറക്കാന്‍ ശ്രമിച്ചിട്ടും ആ അക്ഷമ അമ്മയ്ക്ക് മനസ്സിലായി എന്നുസാരം.ഇല്യമ്മെ, ഞാന്‍ എങ്ങ്ട്ടും പോവില്യ. ദേ ഈ തിണ്ണേമ്മെ ഇരുന്ന് പുസ്തകം വായിക്ക്യേ ഉള്ളു. ങും....തലേല് വെയിലുകൊണ്ട് വിയര്‍ത്ത് വെള്ളം ഇറങ്ങ്യാ നീരുവീഴ്ചവരും അത്രേള്ളു. എന്റെ കുളികഴിഞ്ഞാ ഞാന്‍ വിളിക്കും അപ്പൊ വന്ന് കുളിക്കാന്‍ കേറണം. കേട്ടല്ലോ? ഉവ്വമ്മേ,കേട്ടു. തിണ്ണയില്‍ ഇരുന്നുകൊണ്ട് അവള്‍ പറഞ്ഞു .അമ്മക്കത്ര വിശ്വാസം വന്നിട്ടൊന്നുമില്ലായിരുന്നു.എങ്കിലും അമ്മ നേരെ കുളിമുറിയിലേക്ക് നടന്നു.

അമ്മ കതകടച്ചിരിക്കുന്നു. ഇപ്പോള്‍ അവള്‍ കാതോര്‍ത്തു.ഇല്യ. വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നില്യല്ലോ.അല്‍പനേരത്തെ കാത്തിരിപ്പിനൊടുവില്‍ അമ്മകുളിതുടങ്ങിയെന്ന് സ്ഥിതീകരിച്ചശേഷം അവള്‍ പതിയെ തിണ്ണമേല്‍ നിന്നിറങ്ങി.ഒരു പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി അടുക്കളയില്‍ പ്രവേശിച്ചു. ഷെല്‍ഫിന്റെ ഏറ്റവും മുകളിലെ തട്ടില്‍ തന്നെ കാണിക്കാതെ അമ്മ ഒളിച്ചു വച്ചിരിക്കുന്ന ഒരു സാധനം അമ്മയറിയാതെ എടുക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം.

ശ്വാസം അടക്കിപിടിച്ച് ശബ്ദമുണ്ടാക്കാതെ ഊണുമുറിയില്‍ നിന്നും അവളൊരു കസേര എടുത്തുപൊക്കി അടുക്കളയിലെ ഷെല്‍ഫിനടുത്ത് കൊണ്ടുവന്ന് വച്ചു. വളരെ ശ്രദ്ധിച്ച് അവളാ കസേരക്കുമുകളില്‍ കേറി. അതാ ഇരിക്കുന്നു തന്റെ ഫേവറൈറ്റ് പാല്‍പൊടി .

അവള്‍ അതുമെടുത്ത് കസേരയില്‍ നിന്നിറങ്ങി.അമര്‍ത്തി അടച്ചു വച്ചിരിക്കുന്ന ടിന്‍. അവള്‍ ഒരു സ്പൂണ്‍ എടുത്തു. ടിന്നിന്റെ മൂടിക്കിടയില്‍ വെച്ച് അമര്‍ത്തി ശരിക്കും ബലം എടുക്കേണ്ടി വന്നു.ടിക്ക്! ഒരു പ്രത്യേകശബ്ദത്തോടെ അതു തുറന്നു. അവള്‍ ചെവിവട്ടം പിടിച്ചു.ഇല്യ,കുളിമുറിക്കകത്ത് വെള്ളം തകൃതിയായി വീഴുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്.തുറന്ന ടിന്നിലേക്ക് അവള്‍ കൊതിയോടെ നോക്കി. ക്രീം കളറില്‍ നല്ല നനുനനുത്ത പാല്‍പൊടി. അവള്‍ക്കുവായില്‍ വെള്ളം വന്നു. ഉള്ളതില്‍ ഏറ്റവും വലിയ സ്പൂണ്‍ തന്നെ തെരഞ്ഞു പിടിച്ച് അവള്‍ ആര്‍ത്തിയോടെ ഒരു സ്പൂണ്‍ പാല്‍പൊടി  കോരി വായിലേക്കിട്ടു. ഹൊ!എന്തൊരു സ്വാദ്! അവളതുവായിലിട്ടു നുണഞ്ഞിറക്കി. അതുതീര്‍ന്നതും ഇപ്പൊ അമ്മ വരുമല്ലോ എന്ന പിടപ്പോടെ അവള്‍ തല ഉയര്‍ത്തി മച്ചിലേക്ക് നോക്കി വായ കഴിയുന്നത്ര തുറന്ന് പിടിച്ച് ഒന്നിനു പിറകെ ഒന്നായി നാലഞ്ച് വലിയസ്പൂണ്‍ നിറയെ പാല്‍ പൊടി ആക്രാന്തതത്തോടെ വായിലേക്ക് തട്ടി. വായനിറച്ചും പാല്‍പൊടി. അവള്‍ നാവനക്കി നുണയാന്‍ നോക്കി. എവിടെ! നാവനക്കാന്‍ പറ്റുന്നില്ല. ഉമിനീരും പാല്‍പൊടിയും ചേര്‍ന്നങ്ങ് സെറ്റായിപ്പോയി.അവള്‍ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.മിണ്ടാനും പറ്റുന്നില്ല .കുളിമുറിയില്‍ നിന്നും അതാ അമ്മയുടെ വിളികേള്‍ക്കുന്നു.ദാ വരണു അമ്മെ.അവള്‍ പറയാന്‍ ആവതു ശ്രമിച്ചു.ഇല്യ... ശബ്ദം പുറത്തു വരുന്നില്ല.അവള്‍ക്കുകരച്ചില്‍ വന്നു.ശ്വാസം മുട്ടി കണ്ണുകള്‍ പുറത്തേക്ക് തുറിച്ച് അവള്‍ അടുക്കളതറയില്‍ ചുമരും ചാരി തളര്‍ന്നിരുന്നു.

അമ്മ വിളിച്ച് വിളിച്ച് മടുത്ത് ദേഷ്യം വന്ന് ചവിട്ടികുത്തി അകത്തേക്ക് കേറിവരുന്നതവള്‍ അറിയുന്നുണ്ടായിരുന്നു.അവള്‍ ഭയവും ആവലാതിയും ശ്വാസംമുട്ടലും ഒക്കെ കൂടെ വല്ലാത്ത ഒരു അസ്വസ്ഥതയോടെ അടുക്കളയുടെ ഒരു മൂലയിലേക്ക് ഒതുങ്ങാന്‍ കാലൊതുക്കിയതും, അവളുടെ കാലുതട്ടി കസേരതാഴെ വീണതും ഒന്നിച്ചായിരുന്നു. അമ്മ ശബ്ദം കേട്ട് അടുക്കളയിലേക്ക് ഓടിക്കേറി വന്നു. 

അവളുടെ അവസ്ഥ കണ്ട് അമ്മക്ക് വെപ്രാളമായി.അമ്മ ഒച്ച വക്കാന്‍ തുടങ്ങി.എന്താ നീ ചെയ്ത് വച്ചേക്കണെ കുട്ടി!!! ഒന്നുകില്‍ എറക്കാന്‍ നോക്ക് അല്ലെങ്കില്‍ തുപ്പാന്‍ നോക്ക്. അവള്‍ കണ്ണും തുറുപ്പിച്ച് രണ്ടും പറ്റണില്യാന്ന് ആംഗ്യം കാട്ടി. അമ്മ അവിടിരുന്ന സ്പൂണ്‍ കൊണ്ട് വായ്ക്കകത്ത് തോണ്ടി കട്ടപിടിച്ച പൊടി പുറത്തെടുക്കാന്‍ നോക്കുമ്പോഴാണ് അമ്മേടെ ബഹളം വയ്പുകേട്ട് അടുത്ത വീട്ടിലെ അമ്മായി ഓടിവന്നത്. അവരെ കാണുന്നതേ അവള്‍ക്ക്  പേടിയാ.

പൂച്ചകണ്ണുള്ള എപ്പോഴും ഒരു കറുത്ത കമ്പിളീം പുതച്ച് നടക്കുന്ന ഒരമ്മായി! അവരു വന്നതും അവളെ കണ്ട് അമ്മോട് ചോദിച്ചു. നേന്ത്രപഴം ഇരിപ്പുണ്ടോ കുട്ട്യേ ഇവിടെ? അമ്മ വേഗം അവിടിരുന്ന ഒരു നേന്ത്രപഴം എടുത്തവര്‍ക്കുകൊടുത്തു. അവരതിന്റെ ഒരു കഷ്ണം മുറിച്ച് അവളുടെ വായില്‍ കുത്തികേറ്റി. ഭീഷണിയുടെ സ്വരത്തില്‍ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.വിഴുങ്ങ്!!  അവള്‍ ഒന്നും നോക്കീല്യ, രണ്ടുകണ്ണും ഇറുക്കി അടച്ച് സര്‍വ്വശക്തീം സംഭരിച്ച് ഈശ്വരനെ മനസ്സില്‍ വിളിച്ച് ഒരൊറ്റ വിഴുങ്ങലാണ്. പഴത്തോടൊപ്പം പാല്‍പൊടിയും അങ്ങിറങ്ങിപ്പോയി. അവള്‍ സമാധാനത്തോടെ ശ്വാസം വലിച്ചു. അമ്മേം ആ അമ്മായിയേം നോക്കി വളിച്ച ഒരു ചിരി ചിരിച്ചു.

അയ്യട! കണ്ടാലും മതി ചിരി! പോയി കുളിക്കാന്‍ നോക്ക്. മനുഷ്യന്റെ നല്ലജീവന്‍ അങ്ങെടുത്തു.ഹല്ലാ പിന്നെ! ഒരു പാല്‍പൊടികൊതി. പൂതി മത്യായീലൊ ഇപ്പൊ. അമ്മക്ക് കലി അടങ്ങുന്നില്ലായിരുന്നു. അവള്‍ വീണ്ടും വളിഞ്ഞ ചിരിചിരിച്ചു. 

പിന്നെ നേരെ കുളിമുറിയിലേക്ക് നടന്നു. കുളിച്ചു കൊണ്ടു നിക്കുമ്പോള്‍ അവള്‍ മനസ്സിലോര്‍ത്തു. നമ്മള്‍ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ച് ചെയ്യുന്നതെന്തും ഒടുക്കം നമ്മുടെ തന്നെ കണ്ണ് പുറത്തേക്ക് തുറിപ്പിക്കും. അവള്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു. പിന്നെ പതുക്കെ തണുത്ത ചെമ്പരത്തി താളി നിറുകയിലേക്കൊഴിച്ചു.

2014, നവംബർ 9, ഞായറാഴ്‌ച

ഇന്നെന്‍റെ ജന്മദിനം

ലോകത്തിന്‍റെ ഏതു കോണിലാണെങ്കിലും ഈ ദിവസം വെളുപ്പിനെ അമ്മയുടെ വിളികേട്ടാണ് ഞാന്‍ ഉണരുക. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമ്മ എന്നോടൊപ്പം ഉള്ളതിനാല്‍ നേരിട്ടു ആ പിറന്നാള്‍ ആശംസ കേട്ടുണരാന്‍ കഴിയുന്നു. അമ്മ ദൂരെ ആണെങ്കില്‍ അമ്മയുടെ ഫോണ്‍വിളികേട്ടുണരും.എത്രയോ വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടരുന്ന ഒന്ന്.

അമ്മയെക്കാള്‍ ഞാന്‍ അച്ഛനെ സ്നേഹിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം അമ്മ എന്നെ കൊഞ്ചിക്കുന്ന അവസരങ്ങള്‍ വളരെ വിരളമായിരുന്നു. അച്ഛനാവട്ടെ എപ്പോഴും കൊഞ്ചിക്കാനെ നേരമുള്ളൂ. സ്വാഭാവികമായും അമ്മയേക്കാള്‍ ഒരു പൊടി കൂടുതല്‍ ഞാന്‍ അച്ഛനെ സ്നേഹിച്ചിരുന്നു. ഒരുപക്ഷെ അദ്ധ്യാപികയായതിനാല്‍ ആവാം അമ്മ്ക്കെപ്പോഴും ശാസനാസ്വരമായിരുന്നു. എന്‍റെ കുഞ്ഞുവിരലുകള്‍ വേദനിക്കും വിധം അമ്മയുടെ കൈകൊണ്ട് അമര്‍ത്തിപിടിച്ച് അമ്മ എന്നെ ആദ്യാക്ഷരങ്ങള്‍ എഴുതിച്ചു. അന്നെന്‍റെ കൈകള്‍ വേദനിച്ചിരുന്നു. എങ്കിലും പിന്നീട് LP യിലും UP യിലും നല്ല കൈയക്ഷരതിനുള്ള ഒന്നാംസമ്മാനം വാങ്ങുമ്പോള്‍ സ്നേഹപൂര്‍വ്വം നന്ദിയോടെ ഞാന്‍ അമ്മയെ ഓര്‍ത്തു.

എന്‍റെ മകള്‍ക്ക് ജന്മമേകിയ നിമിഷത്തിലാണ് ഈ ലോകത്ത് മറ്റാരേക്കാള്‍ ഏറെ ഞാന്‍ എന്റെ അമ്മയെ സ്നേഹിച്ചത്. സത്യം പറഞ്ഞാല്‍ അമ്മ എന്നാല്‍ എന്ത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് ഞാന്‍ ഒരമ്മയായപ്പോള്‍ മാത്രമാണ്. അച്ഛനേക്കാള്‍ എത്രയോ സഹനശക്തി ഉള്ളവളാണ് അമ്മ എന്ന്‍ ഞാന്‍ അന്നാണ് മനസ്സിലാക്കിയത്‌. സ്വന്തം കുഞ്ഞിനുവേണ്ടി ഒരമ്മയുടെ കരുതല്‍ എത്രമാത്രമുണ്ടെന്ന് ഞാന്‍ സ്വയം അറിഞ്ഞു. എന്‍റെ പൊന്നുമോളെ അന്ന് മുഴുവന്‍ ഞാന്‍ നോക്കി കിടന്നു. കണ്ണടക്കാന്‍ എന്തോ എനിക്ക് തോന്നുന്നില്ലായിരുന്നു. ഈശ്വരാ! ഇതെന്‍റെ സ്വന്തം ജീവന്‍ അതിന്‍റെ കണ്ണും മുക്കും ചുണ്ടും കൈകാലുകളും വിരല്‍ തുമ്പുകള്‍ പോലും കൌതുകത്തോടെ നോക്കി ഞാന്‍ കിടന്നു. മാതൃത്വം ഇത്ര സ്വര്‍ഗ്ഗീയാനുഭൂതിയാണെന്നു അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. 

ഒരു സ്ത്രീ ആണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇന്ന്‍ ഞാന്‍ രണ്ടുകുട്ടികളുടെ അമ്മയാണ്.  എന്‍റെ ഏറ്റവും വലിയ ലക്‌ഷ്യം ഇവരെ രണ്ടുപേരെയും നല്ല മനുഷ്യരായി വളര്‍ത്തുക എന്നതാണ്. ഓരോ ജന്മദിനത്തിലും ഞാന്‍ ഈശ്വരനോട് നന്ദി പറയുന്നു. ഒപ്പം എനിക്ക് ജന്മം തന്ന്‍ എന്നെ വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ കുടുതല്‍ കുടുതല്‍ സ്നേഹിക്കുന്നു.

എന്നോടൊപ്പം എനിക്ക് താങ്ങായി തണലായി എന്നെ നേര്‍വഴിക്കു നയിച്ച് എന്‍റെ പ്രിയപ്പെട്ടവനുമുണ്ട് - എന്റെ കുട്ടികളുടെ അച്ഛന്‍. ഒരു നല്ല സമൂഹം വാര്‍ത്തെടുക്കാന്‍ ഓരോ അച്ഛനമ്മമാരും തങ്ങളുടെ മക്കളെ നല്ല മനുഷ്യരാക്കി വളര്‍ത്തിയാല്‍ മാത്രം മതി. വരൂ, നമുക്ക് നമ്മുടെ മക്കളെ നല്ലവരായി വളര്‍ത്താം. അതുവഴി ഒരു നല്ല നാളെ സ്വപ്നം കാണാം.